Search This Blog

Saturday, April 25, 2020

ലോക്ക് ടൗൺ കുടുംബത്തിനൊപ്പം

എന്നും അപ്പു ഉണരുന്നത് വീട്ടിലെ ജോലിക്കാരി ഗ്രേസി ആൻ്റി വിളിച്ചിട്ടായിരുന്നു.പല്ല് തേപ്പിക്കുന്നതും കുളിപ്പിക്കുന്നതും കാപ്പി വാരിത്തരുന്നതുമെല്ലാം ആൻ്റി ആയിരുന്നു. ഉടുപ്പിടിച്ച് ലൻച്ച് ബോക്സ് തയ്യാറാക്കി കുപ്പിയിൽ വെള്ളം നിറച്ച് കഴുത്തിൽ തൂക്കിയിട്ട് തരു മ്പോഴേക്കും പുറത്ത് ഡേ കെയർ ബസ്സിൻ്റെ ഹോണടി മുഴങ്ങിയിട്ടുണ്ടാകും. ഡേ കെയറീന്ന് വൈകിട്ട് വരുമ്പോഴേക്കും പാലും ഭക്ഷണവുമൊക്കെ തയ്യാറാക്കി ആൻ്റി ഗേറ്റിനു മുന്നിൽ കാത്ത് നിൽക്കുന്നുണ്ടാകും. വസ്ത്രമൊക്കെ ഊരിച്ച് കുളിപ്പിച്ച് ഭക്ഷണമൊക്കെ തന്ന് ആൻ്റി ബാക്കി ജോലിയിലേക്ക് പോകും .പിന്നെ അപ്പുവും കളിപ്പാട്ടങ്ങളുമായിട്ടാകും മൽപ്പിടിത്തം. സന്ധ്യ കഴിയുമ്പോഴേക്കും അമ്മ ഓഫീസിൽ നിന്നെത്തും.ഓഫീസിൽ നിന്ന് വന്നാലും കാണും അമ്മയ്ക്ക് ബാക്കി വച്ച ജോലികൾ .അപ്പുവിനടുത്തേക്ക് അമ്മ എത്തണമെങ്കിൽ രാത്രി അവൻ ഉറങ്ങുന്ന സമയമാകണം. ഉറങ്ങുന്ന അവൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ,മാറിക്കിടക്കുന്ന പുതപ്പ് മൂടിച്ച് ,ലൈറ്റ് ഓഫാക്കി, മുറിയുടെ വാതിലടച്ച് പോകുന്ന അമ്മയെ ഇടയ്ക്ക് ഉറക്കം നടിച്ച് കിടക്കുമ്പോൾ അവൻ പാതിയടച്ച കണ്ണുകൾക്കിടയിലൂടെ കാണാറുണ്ട്.അച്ഛനും ചേച്ചിയും എത്തുമ്പോഴേക്കും അപ്പു ഉറങ്ങി കഴിഞ്ഞിട്ടുണ്ടാകും.അവൻ ഉണരുമ്പോഴേക്കും അവരെല്ലാം അവരുടെ തിരക്കുകളിലേക്ക് പോയിട്ടുമുണ്ടാകും. അത്ര ചെറുതായിരുന്നു അപ്പുവിൻ്റെ ലോകം ഗ്രേസി ആൻ്റി ,ഡേ കെയർ, കളിപ്പാട്ടങ്ങളിൽ ഒതുങ്ങുന്ന കുഞ്ഞു ലോകം.
                      ഇന്ന് അതൊരുപാട് മാറിയിരിക്കുന്നു. രാവിലെ ഇപ്പോൾ അപ്പു കാണുന്നത് ചിരിയുമായി നിൽക്കുന്ന അമ്മയുടെ മുഖമാണ്. അമ്മ കുളിപ്പിച്ചു പല്ല് തേപ്പിച്ചു തരുമ്പോഴേക്കും പുറത്തു നിന്ന് ചേച്ചീടെ വിളി വരും" വാ അപ്പൂ... നമുക്ക് കളിക്കാം... " ഒന്നിച്ചിരുന്നുള്ള ബ്രേക്ക് ഫാസ്റ്റും, ഉച്ചയൂണുമൊക്കെ അവന് പുതുമയാണെങ്കിലും അവൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് അവൻ്റെ ലോകം ഒരുപാട് വലുതാണ്.അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നിറഞ്ഞ വലിയ ലോകം. അവിടെ അവൻ പണ്ട് തൻ്റേതായി ചേർത്ത് പിടിച്ച കളിപ്പാട്ടങ്ങൾ പോലും മറന്നിരുന്നു.
                         തിരക്കുകൾ മാറ്റിവച്ച്, യാത്രകൾ ഒഴിവാക്കി, ജോലിഭാരം ഇറക്കി വച്ച്, വീട്ടിൽ ഒതുങ്ങിക്കൂടാൻ നാം ഇന്ന് പഠിച്ച് കഴിഞ്ഞു. "ഈ തിരക്കുകൾ ഒഴിഞ്ഞൊരു ജീവിതം എന്നാവോ എനിക്കുണ്ടാവുക " എന്ന ചോദ്യത്തിന് ഇന്ന് കാലം തന്നെ നമുക്ക് ഉത്തരം തന്നിരിക്കുന്നു. ഈ കാലം നമുക്ക് കാണിച്ചുതന്ന ഒരു വലിയ സത്യമുണ്ട്, തിരക്കുകൾക്കിടയിൽ നാം കൂട്ടിച്ചേർക്കാൻ മറന്ന ഒന്ന് ...." കുടുംബം " .''കൂടുമ്പോൾ ഇമ്പമുള്ളത് " എന്ന കുടുംബത്തിൻ്റെ വ്യാഖ്യാനത്തിൻ്റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാൻ ഇന്നത്തെ ഈ കൂട്ടിലടപ്പ് ഒരുപാട് സഹായിച്ചിരിക്കുന്നു........

Wednesday, April 22, 2020

വാർദ്ധക്യം എന്ന ശാപം

ജീവിത പരീക്ഷണം തുടങ്ങിയിട്ട് വിജയൻ മാഷിനിത് എഴുപതാം വർഷമാണ്.വീട്ടിലായിരുന്നുവെങ്കിൽ വലിയ ആഘോഷത്തോടെ കൊണ്ടാടേണ്ട സപ്തതി .... പക്ഷേ... ഈ വൃദ്ധസദനത്തിലുണ്ടോ ഇതൊക്കെ.എങ്കിലും വിജയൻ മാഷിന് ഉറപ്പുണ്ടായിരുന്നു മോളും മരുമോനും ചെറുമക്കളും ഇന്ന് നിരയെ മിഠായികളുമൊക്കെയായി വരുമെന്ന് ." അവരൊക്കെ ഇന്നിങ്ങ് വരും... ഷുഗറൊക്കെ മറന്ന് നമുക്കൊന്നിച്ചിരുന്നു കുറച്ച് മധുരമൊക്കെ കഴിക്കാം." മറ്റ് അന്തേവാസികളോട് പറയാൻ മാഷിനിന്ന് ഇത് മാത്രേ ഉണ്ടായിരുന്നുള്ളു. മോൾക്ക് കൊടുക്കാൻ ട്രങ്ക് പെട്ടിയിൽ മാഷ് ഒരു കൂട്ടം വച്ചിട്ടുണ്ട്.പണ്ട് അടുത്തൂൺ പറ്റിയ സമയത്ത് വേടിച്ചതാ. അന്ന് കൊടുക്കാൻ ഓടിക്കിതച്ച് എത്തിയപ്പോഴല്ലേ മാഷിൻ്റെ ഭാര്യയുടെ മരണം. പിന്നെ മാഷ്ക്ക് ഒരു തളർച്ചയായിരുന്നു. മറ്റേത് എന്തിനുമേതിനും ടീച്ചറുണ്ടാകുമായിരുന്നു ഒരു വിളിയ കലെ. ടീച്ചറ് പോയപ്പോ ആ വല്യ വീട്ടിൽ മാഷ് തനിച്ചായി. ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല... പിന്നെ ഇടയ്ക്കിടയ്ക്ക് വരാന്തയിൽ കസേരയിൽ ഇരിക്കുന്ന കാണുമ്പോ ഗേറ്റിനടുത്ത് നിന്ന് ചിലർ ചോദിക്കും... "എന്താ മാഷേ സുഖല്ല്യേ...? മോളും മരുമോനും വരാറില്ലേ...?" അവർക്ക് മാഷിൻ്റെ സുഖമറിയുന്നതിലും പ്രധാനം രണ്ടാമത്തെ ചോദ്യമാണ്. അതിനുള്ളൊരു ചെറിയ മുഖവുര മാത്രമാണ് ആദ്യത്തെ ചോദ്യം. അങ്ങനെ ഒതുങ്ങി കൂടിയ സമയത്താണ് മോളും മരുമോനും ഒരു ദിവസം വീട്ടിലേക്ക് വന്നേ... സന്തോഷത്തേക്കായ്ക്കും ആ വരവ് മാഷിന് വേദനയായിരുന്നു." അച്ഛന് അസുഖങ്ങളൊക്കെ കൂടിവരുവാ... ഈ പ്രായമേറിയ സമയത്ത് ഇവിടെ ഒറ്റയ്ക്ക് ഞങ്ങൾക്കെങ്ങനെ വിട്ടിട്ട് പോകാൻ പറ്റും .അച്ഛനെല്ലാ ശ്രദ്ധയും സംരക്ഷണവും കിട്ടുന്നൊരു സ്ഥലത്തേക്ക് ആക്കിയിട്ട് വേണം എനിക്കും കുഞ്ഞുങ്ങൾക്കും ഏട്ടനൊപ്പം ജോലി സ്ഥലത്തേക്ക് പോകാൻ....." മാഷിൻ്റെ മനസ്സ് ഒന്നാഗ്രഹിച്ചിരുന്നു... " അച്ഛനും ഞങ്ങൾക്കൊപ്പം വരണം, നമുക്കൊന്നിച്ച് പോകാം ഏട്ടൻ്റെ ജോലി സ്ഥലത്തേക്ക് എന്ന വാക്കുകൾ... പക്ഷേ, വാർദ്ധക്യത്തിൽ ആഗ്രഹങ്ങൾക്കെന്ത് പ്രസക്തി .മാഷ് ഒന്നും എതിർത്തു പറയാതെ ,കൊണ്ടുവന്ന കാറിലേക്ക് കയറി ഇരുന്നു.
                            മാഷിന് ഒറ്റമോളായത് കൊണ്ടുതന്നെ ഒരു കുറവുകളുമില്ലാതെ തന്നെയാണ് അവളെ വളർത്തിയത്. ടീച്ചർ പലപ്പോഴും ജോലി സ്ഥലത്ത് നിന്ന് മാസത്തിൽ രണ്ട് തവണയൊക്കെയേ വരുമായിരുന്നുള്ളൂ. അമ്മയെന്ന് പറഞ്ഞ് തുടങ്ങിയത് മുതൽ എം.കോം . ഫസ്റ്റ് ക്ലാസ് വരെയുള്ള അവളുടെ യാത്രയ്ക്കൊപ്പം മാഷുണ്ടായിരുന്നു. അവളെ എം.കോം - മിന് ഹോസ്റ്റലിൽ ചേർത്തപ്പോൾ, ആഴ്ചതോറും ട്രെയിനും ബസും കയറി മാഷങ്ങ് ചെല്ലുമായിരുന്നു. അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതുവരെ ഒരച്ഛൻ്റെ വേവലാതി ആയിരുന്നു മാഷിന് .ഭർത്താവും കുട്ട്യോളും നല്ല ജോലിയുമൊക്കെ ആയപ്പോൾ അടുത്തൂൺ പറ്റിയ എൽ.പി.സ്കൂൾ അദ്യാപകനായ അച്ഛൻ അവൾക്കൊരു ഭാരമായിട്ടുണ്ടാകാം.....
                             മാഷിന്നും ഓർക്കാറുണ്ട് താനാദ്യമായി ഈ വൃദ്ധസദനത്തിൽ എത്തിയ ദിവസം. ആദ്യത്തെ കുറച്ചു ദിവസം ഒരു മരവിപ്പായിരുന്നു.പിന്നെ ചിന്തിച്ചു .. ... " അവൾക്കിതാണ് സന്തോഷമെങ്കിൽ അതിനപ്പുറം എന്താണ് വേണ്ടേ."
                            പെട്ടിയിൽ സൂക്ഷിച്ചിരുന്ന സമ്മാനവുമായി മാഷ് രാവിലെ മുതൽക്കിരിക്കാൻ തുടങ്ങിയതി വൃദ്ധസദനത്തിൻ്റെ ഗേറ്റിനു മുന്നിൽ .ഉച്ചയൂണ് പോലും മാഷ് മറന്നു. സമയം ഇപ്പോൾ സാന്ധ്യയായി.. ആരും വന്നില്ല... മാഷ് വിറങ്ങലിച്ച ആ പൊതിയുമെടുത്ത് ഇരുന്ന് മരവിച്ച കാലുകൾ തടവി പതുക്കെ ഉള്ളിലേക്ക് നടന്നു. പടി കയറും മുന്നേ മാഷൊന്നു തിരിഞ്ഞ് നോക്കി... എന്തെങ്കിലും വെളിച്ചം ഗേറ്റ് കടന്നു വരുന്നുണ്ടോ എന്ന് ....
         ജീവിതത്തിൻ്റെ നല്ലൊരംശവും അവരുടെ മക്കൾക്കായി അദ്യാനിക്കുന്നവരാണ് ഓരോ മാതാപിതാക്കളും .യൗവനത്തിൻ്റെ പ്രസരിപ്പ് കാലം കഴിയുമ്പോ വാർദ്ധക്യത്തിൻ്റെ തളർച്ചയായി മാറുമ്പോൾ ... ഉപേക്ഷിക്കുകയല്ല വേണ്ടത് ... ചേർത്ത് പിടിച്ച് കൂടെ കൊണ്ടു പോകുകയാണ് വേണ്ടത്... ചോര നീരാക്കി വളർത്തുന്ന മക്കളിൽ നിന്ന് അവരത്രയെങ്കിലും അർഹിക്കുന്നില്ലേ....

Tuesday, April 21, 2020

അമ്മയുടെ നൊമ്പരം

അന്യനാകുന്നുവോ ഈ നാളിൽ
ഞാൻ പെറ്റുനോറ്റൊരു 
സ്നേഹസ്വമാം എൻ പുത്രനും
അവനായി ഞാൻ അനുഭവിച്ച
പേറ്റുനോവും.

അന്യയായി തീരുന്നു ഞാനിന്നവന്
പുതുതലമുറതൻ വേഗതയിൽ .
നഷ്ടമായി മാറുന്നെനിക്കവനും
അവനു ഞാനും ഈ സ്നേഹം
മരിക്കും യുഗത്തിൽ.

ഏകയായി തീരുന്നു ഞാനിന്നീ
നാൽചുവരിനുള്ളിൽ .
നിഷിദ്ധമാണെനിക്കാ പുത്ര സ്നേഹം
നിഷിദ്ധമാണെനിക്കാ വൃദ്ധ സ്നേഹം
അലിവ് തെല്ലുമില്ലാത്ത ഈ യുഗത്തിൽ .

പത്ത് മാസം ചുമന്ന് നൊന്തു -
പ്പെറ്റൊരീയമ്മയെ വിസ്മരിക്കുന്ന ഈ
കൊടും പാപം, അറിയാതെ പോലും ശപിക്കാനാകില്ലൊരു ജന്മത്തിനും
ഈ "മാതൃഹൃദയത്തിന് " .

Monday, April 20, 2020

മാതൃത്വത്തിൻ്റെ മഹത്വം

രാഖിയും വേണുവും ഒരുപാട് പ്രതീക്ഷയോടെയാണ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. അടുപ്പിച്ച് മാസമുറ തെറ്റിയത് കൊണ്ടാകാം രാഖിയ്ക്ക് വല്ലാത്തൊരു തെളിച്ചം. ഇത്തവണ അവർ രണ്ടു പേരും അത് ഉറപ്പിച്ച മട്ടായിരുന്നു. ഒരു കുഞ്ഞിനു വേണ്ടിയുള്ള അവരുടെ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ പന്ത്രണ്ട് വർഷമായി .ചികിത്സയ്ക്കായി ഓരോരുത്തർ ശുപാർശ ചെയ്ത ഹോസ്പിറ്റലുകൾ. ലാപ്രോസ്കോ പിയിൽ തുടങ്ങി ഐ.വി.എഫ് വാതിൽ വരെയുള്ള യാത്ര. എന്നിട്ടും ഭാഗ്യം അവരെ തുണച്ചില്ല. അവരുടെ ജീവിതത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.... രണ്ട് പേർക്കും ഉയർന്ന ജോലി, ആവശ്യത്തിലധികം സ്വത്ത്, സമൂഹത്തിൽ നല്ലൊരു ഇരിപ്പിടം ഉള്ള രണ്ട് കുടുംബങ്ങൾ .... ഒരു കുറവ് എന്നത് .... ഒരു കുഞ്ഞായിരുന്നു.ബന്ധുക്കളുടെ കുത്തുന്ന സംസാരത്തെക്കാളും ,അയൽക്കാരുടെ വഴിവിട്ട അഭിപ്രായങ്ങളെക്കാളും, സുഹൃത്തുക്കളുടെ അനുകമ്പയാർന്ന നോട്ടിത്തെക്കാളുമൊക്കെ വേണുവിനെ വേദനിപ്പിക്കുന്നത് രാഖിയുടെ നിറഞ്ഞ കണ്ണുകളായിരുന്നു. "മറ്റെന്ത് സൗദാഗ്യങ്ങളില്ലായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു നമുക്ക് എന്തേ ദൈവം ഈ ഒരു ഭാഗ്യം തന്നില്ല " എന്ന  ചോദ്യത്തിന് അവളെ മാറോടണച്ച് തലയിൽ ചുംബിക്കാനെ വേണുവിന് കഴിയുമായിരുന്നുള്ളൂ പ്രതീക്ഷയുടെ ചിന്തയിൽ ആയിരുന്നതുകൊണ്ടാകണം കാറ് ആശുപത്രിയിൽ എത്തിയതവർ അറിഞ്ഞില്ല.
             ഡോക്ടറുടെ നിർദേശപ്രകാരമുള്ള ടെസ്റ്റ് റിസൾട്ടിനുള്ള കാത്തിരിപ്പായിരുന്നു പിന്നെ .പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും അങ്ങേ തലത്തിൽ എത്തിയത് കൊണ്ടാകണം രാഖിക്ഛർദ്ദിയും ക്ഷീണവും മറ്റും തോന്നുന്നത്  അത് അവളുടെ പ്രതീക്ഷയെ ഊട്ടി ഉറപ്പിച്ചു.അപ്പോഴാണ് ഡോക്ടറുടെ റൂമിലേക്ക് വിളി വന്നത്. പിന്നെ ഓടിയെന്ന് തന്നെ പറയാം. ഡോക്ടറുടെ മുന്നിലെത്തി. സ്വപ്നങ്ങളുടെ ചീട്ട് കൊട്ടാരം തകർന്ന് വീണ പോലെയായിരുന്നു ഡോക്ടറുടെ വാക്കുകൾ :" ഇത്തവണയും റിസൾട്ട് നെഗറ്റീവ് ആണ്.പിന്നെ ഡോക്ടർ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. ഇത് കേൾക്കുമ്പോൾ ഒരാണിനെക്കാൾ വേദനിക്കുന്നത് പെണ്ണിൻ്റെ മനസ്സാണെന്നറിയാവുന്നത് കൊണ്ടാകാംവേണു അവളെ ചേർത്ത് പിടിച്ച് കാറിന് അടുത്തേക്ക് നടന്നു.രാഖി കരയുന്നത് പോലുമില്ല. ഒരു കാർമേഘം മൂടിയ അവസ്ഥ. ഒന്നു പെയ്തു തീർന്നിരുന്നെങ്കിൽ എന്ന് വേണു ആഗ്രഹിച്ചു. അവളെ കാറിലിരുത്തി വേണു കയറാൻ തുടങ്ങിയപ്പോഴാണ് സായാഹ്ന പത്രത്തിൻ്റെ വരവ്. ഒരെണ്ണം വേടിച്ച് വണ്ടിയിലേക്ക് കയറിയ വേണു പത്രം പിടിക്കാനെന്നപ്പോലെ രാഖിയ്ക്ക് കൊടുത്തു. അപ്പോഴാണ് രണ്ടു പേരും ആ വാർത്ത ശ്രദ്ധിച്ചത്: " മറ്റൊരു ജീവിതത്തിനായി അമ്മ സ്വന്തം കുഞ്ഞിനെ കൊന്നു." വേണുവിൻ്റെ ഞെട്ടല് മാറുന്നതിന് മുന്നേ രാഖി സംസാരിച്ച് തുടങ്ങിയിരുന്നു: "ആ കുഞ്ഞിനെ നമുക്ക് കിട്ടിയിരുന്നെങ്കിൽ " .... എന്ന് പറഞ്ഞ് അവൾ വേണുവിൻ്റെ കൈകളിലേക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് വീണു:
                 ഈ ലോകത്ത് ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന എത്ര പേർ .... അതേ ലോകത്ത് സ്വന്തം കുഞ്ഞിനെ തെരിയിലെറിയുന്ന, കൊല്ലുന്ന എത്ര അമ്മമാർ ....അമ്മയാകാൻ കഴിയുന്നതാണ് ഒരു സ്ത്രീയുടെ മഹത്വം ....ആ സ്ത്രീ തന്നെ ആ ജീവനെ നശിപ്പിച്ചാലോ ....!!
      സ്വന്തം കുഞ്ഞിൻ്റെ മുഖം കാണാനുള്ള ഒരമ്മയുടെ ആഗ്രഹത്തോളവും, കാത്തിരിപ്പിൻ്റെ തീവ്രതയോളവും വരില്ല ഈ ലോകത്ത് മറ്റൊരു വികാരവും.......
             

Saturday, April 18, 2020

എൻ്റെ അവധിക്കാലം

മേടപ്പാതി കഴിഞ്ഞത് കൊണ്ടാകാം പ്രകൃതിയ്ക്ക് ഇന്നൊരു പുതിയ ഭംഗി പോലെ. അമ്മ നട്ട ചെമ്പരത്തിയുടെ തൈയ്ക്ക് പുതിയൊരു ഇല കൂടി കിളിർത്തിരുന്നു. വേണ്ടുവോളം മഴ നനഞ്ഞിട്ടും അതിന് ആവശ്യമായ വെള്ളം കിട്ടിക്കാണുമോ ആശങ്കയോടെ മുറ്റത്തെ പുതിയ ചെമ്പരത്തി തൈയ്ക്ക് വെള്ളമൊഴിക്കുന്ന അമ്മയായിരുന്നു ഇന്ന് എൻ്റെ കണി. അമ്മ ചെയ്യുന്നത് വായ പൊളിച്ച് നോക്കി നിന്നതുകൊണ്ടാകണം പിറകീന്ന് അച്ഛൻ്റെ ശകാരം " എന്താടി നീ മുറ്റമൊന്നും കണ്ടിട്ടില്ലേ.... ഈ അവധിക്ക് ച വീട്ടിലിരിക്കുമ്പോഴെങ്കിലും സമയത്ത് ഉണർന്നൂടെ.." ചമ്മൽ മറച്ച് ഒരു ചെറിയ ദേഷ്യ ഭാവവുമായി ഞാൻ അകത്തേക്ക് നടന്നു.പുറത്ത് തണുപ്പ് കലശലായതുകൊണ്ടാകണം വീട്ടിലെ ചക്കിപ്പൂച്ച പിന്നാമ്പുറത്തെ ചാക്കുകെട്ടുള്ള കുട്ടയ്ക്ക് അകത്ത് ചുരുണ്ട് കൂടി ഇരിക്കുന്നത് .ദേഹത്ത് ചിതറിത്തെറിച്ചു വീണ വെളളം അവൾ നക്കിത്തുടയ്ക്കുന്നുണ്ടായിരുന്നു.ഇത്രയും നേരമായിട്ടും കിടക്കപ്പായിലെ കോലത്തിൽ നിൽക്കുന്ന എന്നോട് പ്രതിഷേധം എന്നവണ്ണം അവൾ അമർത്തി കരഞ്ഞു. ഇന്നലത്തെ മഴയിൽ അപ്പൂപ്പൻ്റെ പച്ചക്കറി കൃഷിയ്ക്ക് സാരമായ കേട് സംഭവിച്ചിരുന്നു. മഴയത്ത് ഒടിഞ്ഞ് മണ്ണിനെ തൊട്ടു നിൽക്കുന്ന വെണ്ട തൈ നോക്കി അപ്പൂപ്പൻ എന്തോപറയുന്നുംഉണ്ടായിരുന്നു. അപ്പുറത്തെ വീട്ടിലെ കോഴിയും താറാവും പതിവായി അമ്മ കൊടുക്കാറുള്ള അരിയും പ്രതീക്ഷിച്ച് അടുക്കളയുടെ പുറകിലുള്ള ടാപ്പിനടുത്ത് ഹാജർ പറയാനെന്നവണ്ണം നിരന്നു നിൽപ്പുണ്ടായിരുന്നു. സ്റ്റോറൂമിലെ ജനലിനടുത്തെ മരക്കൊമ്പിലെ കിളിക്കൂട് എന്തായെന്ന് നോക്കാൻ ഓടുന്ന അമ്മൂമ്മയായിരുന്നു എൻ്റെ അടുത്ത കാഴ്ച.ഒര് ആകാംക്ഷയോടെ ഞാനും ഓടി.ഭാഗ്യം കൂടി ന് കേടൊന്നുമില്ലായിരുന്നു. ഞാൻ സത്യത്തിൽ ആ കൂട് കണ്ടത് ഇപ്പോഴാണ്. ഇത്രയും അടുത്ത് ഒരു കിളിക്കൂട് കണ്ട കൗതുകത്തിൽ നിന്ന എന്നോട് അമ്മുമ്മേടെ ഒരു ചോദ്യം " നീ എന്താ ഇത് ആദ്യായിട്ടാണോ കാണുന്നേ. വിഷു സമയത്ത് മിക്കപ്പോഴും ഈ കൊമ്പിൽ കൂടുണ്ടാകുമെന്ന് ഞാൻ ഇന്നാണ് അറിഞ്ഞത്. 
                  ശരിയാണ്.... മറ്റേത് വിഷുവിന് ഒരു ദിവസത്തെ അവധിയല്ലോ ഉള്ളൂ. എന്നുമുള്ള ഓട്ടത്തിൽ നിന്നൊരു വിശ്രമം ഉള്ള ദിവസമായതുകൊണ്ട് രാവിലെ കണി കണ്ടിട്ട് വീണ്ടും ഉറങ്ങും.കോളേജില്ലെങ്കിലും ഒരു കുന്നുണ്ടാകും ഈ അവധി ദിവസത്തേക്ക് പഠിക്കാനായി കഴിഞ്ഞ ഒരു മാസമായി മാറ്റി വച്ചത്.എന്നുമുള്ള ഓട്ടത്തിനിടെ ചെമ്പരത്തിയോ ,ചക്കിപ്പൂച്ചയോ, പച്ചക്കറിതൈകളോ, കിളിക്കൂടോ ഒന്നും ഞാൻ കണ്ടിരുന്നില്ല. ഇതൊക്കെ കാണാൻ ഇത്രയും നീണ്ട ഒരു അവധിക്കാലം വേണ്ടി വന്നു.
                  നമ്മുടെ ചുറ്റുമുള്ളവരെ കാണാതിരിക്കാനും, പ്രകൃതിയെ അറിയാതിരിക്കാനും നാം കണ്ടെത്തുന്ന ഒരു വഴിയാണ് "എനിക്ക് തിരക്കാണ് " എന്നത് എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി...........