Search This Blog

Wednesday, April 22, 2020

വാർദ്ധക്യം എന്ന ശാപം

ജീവിത പരീക്ഷണം തുടങ്ങിയിട്ട് വിജയൻ മാഷിനിത് എഴുപതാം വർഷമാണ്.വീട്ടിലായിരുന്നുവെങ്കിൽ വലിയ ആഘോഷത്തോടെ കൊണ്ടാടേണ്ട സപ്തതി .... പക്ഷേ... ഈ വൃദ്ധസദനത്തിലുണ്ടോ ഇതൊക്കെ.എങ്കിലും വിജയൻ മാഷിന് ഉറപ്പുണ്ടായിരുന്നു മോളും മരുമോനും ചെറുമക്കളും ഇന്ന് നിരയെ മിഠായികളുമൊക്കെയായി വരുമെന്ന് ." അവരൊക്കെ ഇന്നിങ്ങ് വരും... ഷുഗറൊക്കെ മറന്ന് നമുക്കൊന്നിച്ചിരുന്നു കുറച്ച് മധുരമൊക്കെ കഴിക്കാം." മറ്റ് അന്തേവാസികളോട് പറയാൻ മാഷിനിന്ന് ഇത് മാത്രേ ഉണ്ടായിരുന്നുള്ളു. മോൾക്ക് കൊടുക്കാൻ ട്രങ്ക് പെട്ടിയിൽ മാഷ് ഒരു കൂട്ടം വച്ചിട്ടുണ്ട്.പണ്ട് അടുത്തൂൺ പറ്റിയ സമയത്ത് വേടിച്ചതാ. അന്ന് കൊടുക്കാൻ ഓടിക്കിതച്ച് എത്തിയപ്പോഴല്ലേ മാഷിൻ്റെ ഭാര്യയുടെ മരണം. പിന്നെ മാഷ്ക്ക് ഒരു തളർച്ചയായിരുന്നു. മറ്റേത് എന്തിനുമേതിനും ടീച്ചറുണ്ടാകുമായിരുന്നു ഒരു വിളിയ കലെ. ടീച്ചറ് പോയപ്പോ ആ വല്യ വീട്ടിൽ മാഷ് തനിച്ചായി. ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല... പിന്നെ ഇടയ്ക്കിടയ്ക്ക് വരാന്തയിൽ കസേരയിൽ ഇരിക്കുന്ന കാണുമ്പോ ഗേറ്റിനടുത്ത് നിന്ന് ചിലർ ചോദിക്കും... "എന്താ മാഷേ സുഖല്ല്യേ...? മോളും മരുമോനും വരാറില്ലേ...?" അവർക്ക് മാഷിൻ്റെ സുഖമറിയുന്നതിലും പ്രധാനം രണ്ടാമത്തെ ചോദ്യമാണ്. അതിനുള്ളൊരു ചെറിയ മുഖവുര മാത്രമാണ് ആദ്യത്തെ ചോദ്യം. അങ്ങനെ ഒതുങ്ങി കൂടിയ സമയത്താണ് മോളും മരുമോനും ഒരു ദിവസം വീട്ടിലേക്ക് വന്നേ... സന്തോഷത്തേക്കായ്ക്കും ആ വരവ് മാഷിന് വേദനയായിരുന്നു." അച്ഛന് അസുഖങ്ങളൊക്കെ കൂടിവരുവാ... ഈ പ്രായമേറിയ സമയത്ത് ഇവിടെ ഒറ്റയ്ക്ക് ഞങ്ങൾക്കെങ്ങനെ വിട്ടിട്ട് പോകാൻ പറ്റും .അച്ഛനെല്ലാ ശ്രദ്ധയും സംരക്ഷണവും കിട്ടുന്നൊരു സ്ഥലത്തേക്ക് ആക്കിയിട്ട് വേണം എനിക്കും കുഞ്ഞുങ്ങൾക്കും ഏട്ടനൊപ്പം ജോലി സ്ഥലത്തേക്ക് പോകാൻ....." മാഷിൻ്റെ മനസ്സ് ഒന്നാഗ്രഹിച്ചിരുന്നു... " അച്ഛനും ഞങ്ങൾക്കൊപ്പം വരണം, നമുക്കൊന്നിച്ച് പോകാം ഏട്ടൻ്റെ ജോലി സ്ഥലത്തേക്ക് എന്ന വാക്കുകൾ... പക്ഷേ, വാർദ്ധക്യത്തിൽ ആഗ്രഹങ്ങൾക്കെന്ത് പ്രസക്തി .മാഷ് ഒന്നും എതിർത്തു പറയാതെ ,കൊണ്ടുവന്ന കാറിലേക്ക് കയറി ഇരുന്നു.
                            മാഷിന് ഒറ്റമോളായത് കൊണ്ടുതന്നെ ഒരു കുറവുകളുമില്ലാതെ തന്നെയാണ് അവളെ വളർത്തിയത്. ടീച്ചർ പലപ്പോഴും ജോലി സ്ഥലത്ത് നിന്ന് മാസത്തിൽ രണ്ട് തവണയൊക്കെയേ വരുമായിരുന്നുള്ളൂ. അമ്മയെന്ന് പറഞ്ഞ് തുടങ്ങിയത് മുതൽ എം.കോം . ഫസ്റ്റ് ക്ലാസ് വരെയുള്ള അവളുടെ യാത്രയ്ക്കൊപ്പം മാഷുണ്ടായിരുന്നു. അവളെ എം.കോം - മിന് ഹോസ്റ്റലിൽ ചേർത്തപ്പോൾ, ആഴ്ചതോറും ട്രെയിനും ബസും കയറി മാഷങ്ങ് ചെല്ലുമായിരുന്നു. അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതുവരെ ഒരച്ഛൻ്റെ വേവലാതി ആയിരുന്നു മാഷിന് .ഭർത്താവും കുട്ട്യോളും നല്ല ജോലിയുമൊക്കെ ആയപ്പോൾ അടുത്തൂൺ പറ്റിയ എൽ.പി.സ്കൂൾ അദ്യാപകനായ അച്ഛൻ അവൾക്കൊരു ഭാരമായിട്ടുണ്ടാകാം.....
                             മാഷിന്നും ഓർക്കാറുണ്ട് താനാദ്യമായി ഈ വൃദ്ധസദനത്തിൽ എത്തിയ ദിവസം. ആദ്യത്തെ കുറച്ചു ദിവസം ഒരു മരവിപ്പായിരുന്നു.പിന്നെ ചിന്തിച്ചു .. ... " അവൾക്കിതാണ് സന്തോഷമെങ്കിൽ അതിനപ്പുറം എന്താണ് വേണ്ടേ."
                            പെട്ടിയിൽ സൂക്ഷിച്ചിരുന്ന സമ്മാനവുമായി മാഷ് രാവിലെ മുതൽക്കിരിക്കാൻ തുടങ്ങിയതി വൃദ്ധസദനത്തിൻ്റെ ഗേറ്റിനു മുന്നിൽ .ഉച്ചയൂണ് പോലും മാഷ് മറന്നു. സമയം ഇപ്പോൾ സാന്ധ്യയായി.. ആരും വന്നില്ല... മാഷ് വിറങ്ങലിച്ച ആ പൊതിയുമെടുത്ത് ഇരുന്ന് മരവിച്ച കാലുകൾ തടവി പതുക്കെ ഉള്ളിലേക്ക് നടന്നു. പടി കയറും മുന്നേ മാഷൊന്നു തിരിഞ്ഞ് നോക്കി... എന്തെങ്കിലും വെളിച്ചം ഗേറ്റ് കടന്നു വരുന്നുണ്ടോ എന്ന് ....
         ജീവിതത്തിൻ്റെ നല്ലൊരംശവും അവരുടെ മക്കൾക്കായി അദ്യാനിക്കുന്നവരാണ് ഓരോ മാതാപിതാക്കളും .യൗവനത്തിൻ്റെ പ്രസരിപ്പ് കാലം കഴിയുമ്പോ വാർദ്ധക്യത്തിൻ്റെ തളർച്ചയായി മാറുമ്പോൾ ... ഉപേക്ഷിക്കുകയല്ല വേണ്ടത് ... ചേർത്ത് പിടിച്ച് കൂടെ കൊണ്ടു പോകുകയാണ് വേണ്ടത്... ചോര നീരാക്കി വളർത്തുന്ന മക്കളിൽ നിന്ന് അവരത്രയെങ്കിലും അർഹിക്കുന്നില്ലേ....

9 comments:

  1. Oru padu feel thanna Katha😢❤️❤️❤️❤️❤️

    ReplyDelete
  2. ബാല്യകാലത്ത് നമ്മുടെ അച്ഛനമ്മമാർ നൽകിയ വാത്സല്യം അതുപോലെ തിരികെ കൊടുത്തില്ലെങ്കിലും... വാർദ്ധക്യത്തിൽ അവർക്ക് ഏറ്റവും ആവശ്യം തനിച്ചല്ല എന്ന ഉറപ്പാണെന് ഈ കഥ ഓർമിപ്പിക്കുന്നു.....മനസ്സിൽ തൊടുന്ന കഥ.

    ReplyDelete